ബിജെപി അനുഭാവിയായ അനുപം ഖേര്‍ കൊവിഡ് മൂലം രാജ്യത്തെ മരണങ്ങള്‍ കൂടുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരം അനുപം ഖേര്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തിങ്കളാഴ്ച്ച മാധ്യമങ്ങളുമായി നടന്ന ചര്‍ച്ചയില്‍ സംസാരിച്ചു. താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ചേരില്ലെന്നാണ് താരം പറഞ്ഞത്. രാജ്യത്ത് നടക്കുന്ന സമകാലിക പ്രശ്‌നങ്ങളിലെല്ലാം അനുപം ഖേര്‍ തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ഛത്തിസ്ഗണ്ഡിലെ ബിജെപി എംപിയുമാണ്.
അടുത്തിടെ ഇന്ധന വിലയുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ ട്രോളി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കുര്‍ രംഗത്തെത്തിയിരുന്നു. അനുപം ഖേറിന്റെ പഴയ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ‘എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്’ എന്ന ട്വീറ്റാണ് മന്ത്രി പങ്കുവെച്ചത്. പെട്രോള്‍ വില 100 കടന്നിനാല്‍ ഞാന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണെന്നാണ് കളിയാക്കിക്കൊണ്ട് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്.
ബിജെപി അനുഭാവിയായ അനുപം ഖേര്‍ കൊവിഡ് മൂലം രാജ്യത്തെ മരണങ്ങള്‍ കൂടുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് താരം പറഞ്ഞത്.
എന്നാല്‍ ഉടന്‍ തന്നെ താരം സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരുന്നു. ‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. അല്ലാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറഞ്ഞ് അവരുടെ ജീവതം അവസാനിപ്പിക്കും’ എന്നായിരുന്നു അനുപം ഖേറിന്റെ വിശദീകരണം.