സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സില്‍വര്‍ലൈന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങി. കെഎസ്ആർടിസി നവീകരണത്തിനും പുനരുദ്ധാരണത്തിനും 1030 കോടി അനുവദിച്ചു. എംസി റോഡ് വികസനത്തിനും കൊല്ലം–ചെങ്കോട്ട റോഡ് വികസനത്തിനും 1500 കോടി
തിരുവനന്തപുരത്ത് 79 കി.മീ. ഔട്ടര്‍ റിങ് റോഡ്. ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി ബജറ്റിൽ അനുവദിച്ചു. തുറമുഖ വികസനത്തിന് 80 കോടി മാറ്റിവയ്ക്കുമെന്നും ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും മന്ത്രി അറിയിച്ചു. 20 റോഡ് ജംക്‌ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി. 6 ബൈപാസുകള്‍ നിര്‍മിക്കാനും സ്ഥലമേറ്റെടുക്കാനും 200 കോടിയും അനുവദിച്ചു.
സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടിയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിനായി 76 കോടി നീക്കിവച്ചു.