ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. ഉത്തരാഖണ്ഡിൽ 40 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഉത്തരാഖണ്ഡ് ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍ എത്തി.
ഗോവയിലും ബിജെപിക്കാണ് മുൻതൂക്കം. ഗോവയിൽ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഒതുങ്ങിയ ബിജെപി ഇത്തവണ 18 ഇടത്ത് മുന്നിലാണ്. 2017 ൽ 17 സീറ്റുകൾ നേടിയ കോൺഗ്രസ് 13 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ പിന്നിൽ, ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ വാസ്കോ മണ്ഡലത്തിൽ പിന്നിൽ, ഗോവയിൽ തലെയ്ഗാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജെനിഫർ മൊൺസെരാറ്റ മുന്നിൽ, ഗോവയിൽ കലൻഗുട്ടെ മണ്ഡലത്തിൽ മുൻ മന്ത്രി മൈക്കിൾ ലോബോ മുന്നിൽ, ഗോവയിൽ ബെനോളിം മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ചർച്ചിൽ അലിമാവോ പിന്നിൽ. മണിപ്പുരിൽ ബിജെപി 22 ഇടത്ത് മുന്നിലാണ്, കോൺഗ്രസ് 15 ഇടത്ത് ലീഡ് ചെയ്യുന്നു. ഞെട്ടിച്ചത് എൻപിപിയാണ് മുന്നേറ്റം 11 ഇടങ്ങളിൽ.
ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. എക്സിറ്റ് പോളുകളിൽ മണിപ്പുരിൽ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തിയിരുന്നു. ബിജെപി ആത്മവിശ്വാസത്തിലാണെങ്കിലും അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.