ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച് ഒഡിഷയിലെ എംഎല്‍എ. ഭരണകക്ഷിയായ ബിജു ജനതാദള്‍ എംഎല്‍എ പൂര്‍ണചന്ദ്ര സ്വയ്‌നാണ് 49-ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ ജയിച്ചത്. 500ല്‍ 340 മാര്‍ക്കാണു (60 ശതമാനം) ലഭിച്ചത്.
ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തിന് പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പലതവണ പരീക്ഷയെഴുതിയിട്ടും വിജയിച്ചുമില്ല. എന്നിട്ടും പിന്‍മാറാതെ ശ്രമം തുടര്‍ന്ന അദ്ദേഹം ഇത്തവണ മികച്ച വിജയം നേടുകയായിരുന്നു.
ഭാഞ്ജനഗര്‍ സുരദ ഗേള്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ എംഎല്‍എയ്ക്ക്, ആരോഗ്യനില പരിഗണിച്ചു പ്രത്യേക മുറി അനുവദിച്ചിരുന്നു. 80.83 ശതമാനം പേരാണ് പരീക്ഷയില്‍ ജയിച്ചത്. ഓഫ്‍ലൈനായി പരീക്ഷയെഴുതിയ എംഎല്‍എ ഉള്‍പ്പെടെ 5,233 പേര്‍ വിജയിച്ചു, 141 പേര്‍ തോറ്റു.