രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമരസേനാനികളെ പ്രണമിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം. ഭാരതത്തിന് ദിശാബോധം നല്‍കിയത് നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമെന്ന് മോദി അനുസ്മരിച്ചു.
കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരംഅർപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി ഇന്ത്യയിലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാന്‍ വാക്സീനായി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. 54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കോവിഡ് വാക്സീന്‍ നല്‍കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ഒളിംപിക്സ് മെഡല്‍ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ച് . ഇവര്‍ രാജ്യത്തിന്‍റെ താരങ്ങളെന്നും യുവാക്കളെ പ്രചോദിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടയിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ 8-ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡൽഹി.
അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ സ്വാതന്ത്ര്യദിനം ‘കിസാൻ മസ്ദൂർ ആസാദി സംഗ്രം ദിവസ്’ ആയി ആചാരിക്കും. സമര കേന്ദ്രമായ ഡൽഹി അതിർത്തികളിലടക്കം രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിക്കും.11 മുതൽ 1 മണി വരെയാകും റാലി.
സിംഘു അതിർത്തിയിൽനിന്ന് 8 കിലോമീറ്റർ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്ക്കൊപ്പം കർഷക സംഘടനാ പതാകകളും കെട്ടിയാകും റാലി. ഡൽഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ഹരിയാനയിലെ ജിന്ദിൽ ട്രാക്ടർ റാലി സംഘടിപ്പിക്കുന്ന കർഷകർ ഡൽഹിയിലേക്കുള്ള ദേശീയപാത ഉപരോധിക്കും.