കൂട്ടികല്‍ കാവാലിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ജീവിതത്തില്‍നിന്ന് മായ്ച്ചുകളഞ്ഞത് ഒരു കുടുംബത്തിലെ ആറുപേരെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്.
മാര്‍ട്ടിന്‍ (47), അമ്മ അന്നക്കുട്ടി (65), മാര്‍ട്ടിന്റെ ഭാര്യ സിനി (35), മക്കളായ സ്നേഹ (13), സോന (10), സാന്ദ്ര (9) എന്നിവരെയാണ് കഴിഞ്ഞദിവസം മണ്ണിനടിയില്‍പ്പെട്ട് കാണാതായത്. ഇവരില്‍ ആഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കുന്നിന്‍പ്രദേശത്തുള്ള ഇവരുടെ വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാര്‍ട്ടിന്റെ കുടുംബത്തിലെ എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഇവരുടെ വീടുണ്ടായിരുന്നിടത്തുനിന്നുതന്നെയാണ് നാല് മൃതദേഹങ്ങള്‍ ലഭിച്ചത്. മാര്‍ട്ടിന്റെ മൃതദേഹം ലഭിച്ചത് ഇവിടെനിന്ന് ഒരു കിലോമീറ്ററോളം മാറിയാണ്. വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് ദൂരേക്ക് ഒഴുകിപ്പോകുകയായിരുന്നു എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചില്‍ തുടരുകയാണ്.
കാവാലിയില്‍നിന്ന് ലഭിച്ച അഞ്ച് മൃതദേഹങ്ങളും പ്ലാപ്പള്ളിയില്‍നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങളും അടക്കം അഞ്ചു മൃതദേഹങ്ങളാണ് കൂട്ടിക്കലില്‍നിന്ന് ആകെ ലഭിച്ചത്. മന്ത്രി വി.എന്‍. വാസവന്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.