ഒട്ടേറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്‍മാറാന്‍ കാരണമെന്ന് വിശദീകരണം. സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് പ്രൊജക്റ്റിൽ നിന്നും ഒഴിവായിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ കാരണമാണ് റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ആഷിഖ് അബു അന്ന് അറിയിച്ചത്. 1921–ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമ പറയാൻ ഉദ്ദേശിച്ചിരുന്നത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം ഉണ്ടാകുന്നത്.