കെപിസിസി മുന്‍ അംഗവും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവുമായിരുന്ന എബി സാബു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. സി പി ഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. 50 വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ചാണ് എറണാകുളം മുന്‍ ഡിസിസി സെക്രട്ടറി കൂടിയായ എബി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് രാജി.
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് മാന്യതയുണ്ടായിരുന്നു. സുധാകരനെ പ്രസിഡന്റാക്കിയതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോയത്
ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് എബി സാബു വിമര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എ ബി സാബു രംഗത്തെത്തിയിരുന്നു. അന്ന് തന്നെ സാബുവിനെതിരെ യുഡിഎഫില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു.
മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഗുണം ബിജെപിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.