സർക്കാർ അനുമതിയില്ലാതെ വൈദ്യുതി ബോർഡിൽ 164 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക സൃഷ്ടിച്ചതിന്മേലുള്ള അന്വേഷണം മന്ദഗതിയിൽ എന്ന് പരാതി. കോടതി അലക്ഷ്യകേസ് തുടരെ തുടരെ ഹൈ കോടതി ഡിവിഷൻ ബെഞ്ചിൽ വന്നതിനെ തുടർന്ന് ബാക്കിയുണ്ടായിരുന്ന 89 പേർക്കും നിയമന ഉത്തരവ് വൈദ്യുതി ബോർഡിൽ നിന്ന് കഴിഞ്ഞ ദിവസം അയച്ചിരുന്നു. ഇവർക്കുള്ള പരിശീലനം മൂലമറ്റത്തു ഒക്ടോബര് 25 നു ആരംഭിക്കും.
എന്നാൽ ഇതിന്റെ പ്രധാന ഉത്തരവാദികളിലൊരാളായ ചീഫ് എൻജിനീയർ എച്.ആർ.എം വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ തൽസ്ഥാനത്തു നിന്ന് നീക്കി വൈദ്യുതി ഭവനിൽ തന്നെയുള്ള താരിഫ് റെഗുലേറ്ററി സെല്ലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വൈദ്യുതി ബോർഡിൽ ഡെപ്യുറ്റേഷനിൽ ജോലി ചെയ്യുന്ന ജില്ലാ ജഡ്ജി കൂടി ആയ ലീഗൽ അഡ്വൈസർക്കു ആഭ്യന്തര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്താൻ ചെയർമാൻ ഡോ ബി അശോക് നിർദേശം നൽകുകയും, എന്നാൽ ഇക്കാര്യങ്ങൾ ഒരു അനേഷണ ഏജൻസി അന്വേഷിച്ചാൽ മാത്രമേ വെളിച്ചത്തു കൊണ്ട് വരാൻ കഴിയുകയുളളു എന്നതാണ് ലീഗൽ അഡ്വൈസറുടെ നിലപാട്. ഇതിനെ തുടർന്ന് കെ എസ് ഇ ബി യുടെ ചീഫ് വിജിലൻസ് ഓഫീസർക്കു അന്വേഷണ ചുമതല വന്നിട്ടുണ്ടങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തിൽ വന്നിട്ടില്ല.
2019 ഡിസംബറിൽ കാലാവധി കഴിഞ്ഞ അസിസ്റ്റന്റ് എൻജിനീയറുടെ പി എസ് സി ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ എടുക്കുന്നതിനു സൂപ്പർ നുമേററി ആയി തസ്തിക സൃഷ്ടിച്ചു 164 പേരെ എടുക്കാമെന്ന് 2020 ൽ ഹൈ കോടതി ഡിവിഷൻ ബെഞ്ചിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനെ തുടർന്ന് 2020 സെപ്തംബർ 14 നു പി എസ് സി 164 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയെങ്കിലും 75 പേർക്ക് മാത്രമാണ് കെ എസ് ഇ ബി നിയമന ഉത്തരവ് നൽകിയത്. ഇതിനെ തുടർന്നാണ് ബാക്കിയുള്ള 89 പേർക്ക് നിയമനം കിട്ടുന്നതിന് വേണ്ടി ഹൈ കോടതിയിൽ നിരവധി കോടതി അലക്ഷ്യ ഹർജികൾ വന്നത്.
ഭരണ കക്ഷി യൂണിയൻ നേതാവും കഴിഞ്ഞ വർഷത്തെ സ്ഥലം മാറ്റ വിഷയങ്ങളിൽ എച് ആർ എം വിഭാഗത്തിൽ ഇരുന്നു ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുകയും ചെയ്ത കുപ്രസിദ്ധിയുള്ള ഈ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഈ മാസം കെ എസ് ഇ ബി യിൽ നിന്ന് വിരമിക്കുക യാണ്. വിരമിച്ചു കഴിഞ്ഞാൽ ശിക്ഷണ നടപടികളിൽ നിന്ന് ഒഴിവാകാൻ കഴിയുമെന്നതിനാലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നു ആക്ഷേപമുണ്ട്.