അഫ്ഗാനിസ്ഥാന്റെ ആധിപത്യം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ വനിതാ ജഡ്ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ട്. താലിബാൻ മോചിപ്പിച്ച കുറ്റവാളികളാണ്, പലായനം ചെയ്യാൻ കഴിയാതിരുന്ന ജഡ്ജിമാരുടെ വീടുകൾ തിരഞ്ഞുപിടിച്ച് ഭീഷണി മുഴക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്നു വിശദീകരിച്ചിട്ടില്ല. ജനുവരിയിൽ രണ്ട് വനിതാ ജഡ്ജിമാരെ താലിബാൻ വധിച്ചിരുന്നു.
‘വനിതാ ജഡ്ജിമാരുടെ ജീവൻ അപകടത്തിലാണ്. നാലോ അഞ്ചോ താലിബാൻ അംഗങ്ങൾ വന്ന് എന്റെ വീട്ടിലെ ആളുകളോട് ഈ വനിതാ ജഡ്ജി എവിടെയാണ് എന്ന് ചോദിച്ച് ആക്രോശിച്ചു. ജയിലിലടയ്ക്കാൻ ഞാൻ വിധിച്ച കുറ്റവാളികളായിരുന്നു അവർ’– പലായനം ചെയ്ത ഒരു വനിതാ ജഡ്ജി, പേരും മുഖവും വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്ജസിലെ (ഐഎഡബ്ല്യുജെ) മനുഷ്യാവകാശ സന്നദ്ധ പ്രവർത്തകരുടെയും വിദേശ സഹപ്രവർത്തകരുടെയും കൂട്ടായ സഹായത്തോടെ കഴിഞ്ഞ ആഴ്ചകളിൽ കുറച്ചു ജഡ്ജിമാരെ രക്ഷിച്ചിരുന്നു. എങ്കിലും ഭൂരിഭാഗം ജഡ്ജിമാരും അഫ്ഗാനിൽ തന്നെയാണ്. വനിതാ ജഡ്ജിമാർക്കു പുറമേ മനഷ്യാവകാശ പ്രവർത്തകരുടെ ജീവനും ഭീഷണിയുള്ളതായി റിപ്പോർട്ടുണ്ട്.