രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. ഖത്തറില്‍ നടന്ന ചര്‍ച്ചകളിലാണ് താലിബാന് മുന്‍പില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഈ ഉപാധി മുന്നോട്ടുവെച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഖത്തറില്‍ സമാധന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള പ്രതികരിച്ചത്.
അഫ്ഗാനിസ്ഥാനില്‍ ഗസ്‌നി പ്രവിശ്യയും താലിബന്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ് അധികാരം പങ്കുവെയ്ക്കാന്‍ തയ്യാറാണെന്ന ഉപാധി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായുള്ള റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഒരാഴ്ചയിക്കിടെ താലിബാന്‍ പിടിച്ചടക്കിയ പത്താമത്തെ പ്രവിശ്യയാണ് ഗസ്‌നി. കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി
അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന നിരവധി പേര്‍ കാബൂള്‍ നഗരത്തിലേക്ക് എത്തുന്നുണ്ട്. ഇവരോടൊപ്പം താലിബാന്‍ പോരാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള അഫ്ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം കീഴ്ടങ്ങിയ അഫ്ഗാന്‍ സൈനികരെ പോലും താലിബാന്‍ വധിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. 90 ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം.
അതിനിടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം അഫ്ഗാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ കാബൂളിലെ എംബസി എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എംബസി അടയ്ക്കുമെന്ന വാര്‍ത്ത തെറ്റാണ്. അഫ്ഗാനിസ്ഥാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.