രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സൈന്യം. ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ ഈ പദ്ധതി ആവശ്യമാണെന്നും സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി മാധ്യമങ്ങളോട് പറഞ്ഞു. നിയമനങ്ങളിൽ സംവരണാനുകൂല്യമടക്കം പ്രഖ്യാപിച്ചത് പ്രക്ഷോഭം കണ്ടുകൊണ്ടല്ല. സേവന കാലാവധി കഴിയുന്നവർക്കുള്ള സംവരണം പദ്ധതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായവർക്കു സൈന്യത്തിൽ പ്രവേശനമുണ്ടാകില്ലെന്നും ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു. സൈന്യത്തിന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികൾക്ക് സൈന്യത്തിൽ സ്ഥാനം ഉണ്ടാകില്ല. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങൾക്ക് പൊലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണെന്നും, കേസിൽ പ്രതി ചേർക്കപ്പെട്ടാൽ അഗ്നിവീർ നിയമനത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്നും ലഫ്. ജനറൽ അനിൽ പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഗ്നിപഥ് പദ്ധതിയിൽ ആദ്യ ബാച്ചിനെ വ്യോമസേനയിൽ ഡിസംബറിനു മുൻപ് തിരഞ്ഞെടുക്കും. ജൂൺ 24ന് റജിസട്രേഷൻ ആരംഭിക്കും. ജൂലൈ 24 മുതൽ പ്രാഥമിക പരീക്ഷ ഓൺലൈനായി നടത്തും. നവംബർ 21നു മുൻപ് നാവിക സേനയിലേക്കുള്ള അഗ്‌നിവീർ നിയമനം നടക്കും. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വർഷം റിക്രൂട്ട് ചെയ്യുന്നത് (കരസേനയിലേക്ക് 40,000, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 3000 വീതം). വരുംവർഷങ്ങളിൽ നിയമനം 1.25 ലക്ഷം വരെയായി ഉയർത്തും. സൈനികർക്ക് നിലവിലുള്ള അലവൻസുകൾ അഗ്‌നിവീറിനും ലഭിക്കുമെന്നും വേർതിരിവുകൾ ഉണ്ടാകില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഗ്നിവീർ ജീവത്യാഗം ചെയ്യേണ്ടി വന്നാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.
അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതു വഴി ഭാവിയിൽ സേനകളുടെ അംഗബലം കുറയും. നിലവിൽ 14 ലക്ഷമാണു കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടംഘട്ടമായി കുറയ്ക്കുകയാണു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കു കൂടിയുള്ള വഴിയാണ് അഗ്നിപഥ്. പ്രതിവർഷം 3 സേനകളിൽ നിന്നുമായി 70,000 പേരാണു വിരമിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ 2 വർഷം റിക്രൂട്മെന്റ് നടക്കാത്തതിനാൽ, കരസേനയിൽ മാത്രം നിലവിൽ ഒരു ലക്ഷത്തിലധികം ഒഴിവുണ്ട്. അടുത്ത വർഷങ്ങളിലും വിരമിക്കലിനു തുല്യമായ റിക്രൂട്മെന്റ് ഉണ്ടാവില്ലെന്നാണു സൂചന. അതുവഴി ക്രമേണ അംഗബലം കുറയ്ക്കും. ഭാവിയിൽ ആകെ സൈനികരുടെ എണ്ണം 10 ലക്ഷത്തിലേക്കു കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.