രാജ്യദ്രോഹക്കേസില്‍ സംവിധായക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലില്‍ ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു.
പിടിച്ചെടുത്ത ലാപ്ടോപ്പ് തന്‍റെ അനിയന്‍റെ ആണെന്നും അനിയന്‍റെ ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു. ഐഷയെ ചോദ്യംചെയ്തതിന് പിന്നാലെ കവരത്തി പൊലീസ് കൊച്ചിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഐഷയുടെ സാമ്പത്തിക സ്രോതസിൽ സംശയങ്ങളുണ്ടെന്ന് കവരത്തി പൊലീസ് അറിയിച്ചു.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ കേസെടുത്തത്. എന്നാല്‍ പരാമര്‍ശം മനപ്പൂര്‍വ്വം ആയിരുന്നില്ലെന്ന് പിന്നീട് ഐഷ വിശദീകരിച്ചു. അതൊരു നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയിരുന്നെന്നും ഐഷ സുൽത്താന പൊലീസിന് മൊഴിനൽകിയിരുന്നു. ബ
യോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.