പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ വികസന യാത്രയെ ആര്‍ക്കും ഗൂഢാലോചനയിലൂടെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്തവരാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍.
ഇത്തരം പുറത്തുവിടലുകളുടെ കാലക്രമം മനസ്സിലാക്കൂ. ഈ കാലവും ബന്ധവും മനസ്സിലാക്കാന്‍ കഴിവുളളവരാണ് ഇന്ത്യന്‍ ജനത. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഉദ്ദേശം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുക എന്നുളളതായിരുന്നു. ഇന്ത്യയുടെ വികസന യാത്രയെ തടസ്സപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. – അമിത് ഷാ പറഞ്ഞു. പുതിയ മന്ത്രിസഭയെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കാത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുടെ പുരോഗതി ദഹിക്കാത്ത ചില ശക്തികള്‍ ഉണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഇന്ത്യയുടെ വികസനയാത്രയെ തടസ്സപ്പെടുത്താന്‍ സാധിക്കില്ല.
ദേശീയ പുരോഗതിയെ തടസ്സപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. ആരുടെ താളത്തിനൊത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ മോശം പ്രതിച്ഛായയില്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരാണ്. ഇന്ത്യയെ മോശമാക്കി കാണിക്കുന്നതിലൂടെ എന്ത് സന്തോഷമാണ് ഇവര്‍ക്ക് ലഭിക്കുക ?. വര്‍ഷകാല സമ്മേളനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. കര്‍ഷകരുടെയും ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും പിന്നാക്ക വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയുളള നിരവധി പ്രധാന ബില്ലുകളില്‍ ചര്‍ച്ചയും സംവാദവും നടക്കാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.