ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനു പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം രംഗത്തെത്തി. വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് ജിജു ഗിരിജാ രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയർ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.
വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള വീട്ടിൽ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.