സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ലോക്നാഥ് ബഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്. എഡിജിപിയായ അനില്‍കാന്തിന് ഡിജിപി റാങ്ക് ലഭിക്കുക അടുത്തമാസം. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യയാളാണ്.
ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍. സീനിയോറിറ്റിയില്‍ രണ്ടാമനായ ടോമിന്‍ ജെ.തച്ചങ്കരിയെ ഒഴിവാക്കിയാണ് യുപിഎസ്സി സംസ്ഥാന സര്‍ക്കാരിനു 3 പേരുടെ പട്ടിക നല്‍കിയത്. സീനിയോറിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്കു വരാന്‍ താല്‍പര്യമില്ലെന്നു യുപിഎസ്സിയെ അറിയിച്ചിരുന്നു.
നിലവില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മേധാവിയാണ് അദ്ദേഹം. മകള്‍ ഡ്രൈവറെ തല്ലിയ കേസ് അടക്കം സുദേഷ് കുമാറിന് എതിരായി. മുന്‍പ് ചില കേസുകളിലെ ഇടപെടലുകളാണ് ബി. സന്ധ്യക്ക് തിരിച്ചടിയായത്. അനില്‍ കാന്തിന് ഇനി 7 മാസമാണ് സേവന കാലാവധിയുള്ളത്. ഇതിനുശേഷം ടോമിന്‍ ജെ.തച്ചങ്കരിയെ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കുമെന്നറിയുന്നു.