പൊതുമരാമത്ത് വകുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചു മന്ത്രി പി.എം.മുഹമ്മദ് റിയാസ് നിയമസഭയിൽ തുറന്നടിച്ചത് കഴിഞ്ഞ ദിവസമാണ്. മന്ത്രിയുടെ വാക്കുകൾക്കെതിരെ സ്വന്തം പാർട്ടിയിലെ യുവനേതാക്കളിൽ നിന്നു വരെ എതിർപ്പുയർന്നെങ്കിലും അന്നു മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
റോഡ് പണി വൈകിപ്പിക്കുന്ന കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിയമസഭയിലെ മന്ത്രിയുടെ പ്രധാന പ്രഖ്യാപനം. മന്ത്രിയുടെ സ്വന്തം ജില്ലയിലെ 2 കരാറുകാർക്കെതിരെ നടപടിയെടുത്തു കൊണ്ടാണ് വകുപ്പ് ഇതിന് തുടക്കം കുറിച്ചത്. പണി വൈകിപ്പിച്ച ഒരു കരാറുകാരന്റെ കരാർ റദ്ദാക്കി, മറ്റൊരാൾക്ക് പിഴ ചുമത്തി. മന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരമായിരുന്നു രണ്ടു നടപടികളും.
പണി പൂർത്തിയായില്ല, കരാർ റദ്ദാക്കി
റോഡ് പണി കരാറിൽ പറഞ്ഞ സമയത്തിന് പൂർത്തിയാകാതെ വന്നതോടെയാണു കരാറുകാരനെ പൊതുമരാമത്ത് കരാറിൽ നിന്ന് ഒഴിവാക്കിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര–താന്നിക്കണ്ടി–ചക്കിട്ടപ്പാറ റോഡ് പണി നിശ്ചയിച്ച സമയത്തു പൂർത്തിയാക്കാത്ത കാസർകോട് എംഡി കൺസട്രക്‌ഷൻസിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരം നടപടിയെടുത്തത്. പുതിയ ടെൻഡർ വിളിച്ചു പണി നടത്തുമ്പോൾ അധികമായി ചെലവാക്കേണ്ടി വരുന്ന തുക കരാറുകാരനിൽനിന്ന് നഷ്ടപരിഹാരമായി ഈടാക്കും.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പേരാമ്പ്ര–താന്നിക്കണ്ടി–ചക്കിട്ടപ്പാറ റോഡിന്റെ നവീകരണം 2020 മേയ് 9 നാണ് ആരംഭിച്ചത്. 8.2 കിലോമീറ്റർ റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യാൻ 10 കോടി രൂപയാണ് അനുവദിച്ചത്. 9 മാസം കൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു കരാർ. 2021ഫെബ്രുവരിയിൽ പൂർത്തിയാകേണ്ട നവീകരണം ഒക്ടോബർ ആയിട്ടും 10 ശതമാനം പോലും പൂർത്തിയായില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും പണി മുന്നോട്ടുപോകാത്തതിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങിയത്.