ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അർജന്റീനയുടെ രക്ഷകനായി. ആവേശച്ചൂട് പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട സെമി പോരാട്ടത്തിൽ കൊളംബിയയെ വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഫൈനലിൽ. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. അർജന്റീനയ്ക്കായി ലൗട്ടൗരോ മാർട്ടിനസും (7) കൊളംബിയയ്ക്കായി ലൂയിസ് ഡയസുമാണ് ((61) മുഴുവൻ സമയത്ത് ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ മൂന്ന് കൊളംബിയൻ താരങ്ങളുടെ ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അർജന്റീനയെ ഫൈനലിലേക്ക് നയിച്ചു.
അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, കൊളംബിയൻ താരങ്ങളായ ഡേവിൻസൻ സാഞ്ചസ്, യെറി മിന, കാർഡോണ എന്നിവരുടെ ഷോട്ടുകൾ അർജന്റീന ഗോൾകീപ്പർ രക്ഷപ്പെടുത്തി. കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത് യുവാൻ ക്വാഡ്രഡോ, മിഗ്വേൽ ബോർജ എന്നിവർ മാത്രം. അർജന്റീന നിരയിൽ ഡി പോളിന്റെ കിക്ക് പുറത്തു പോയി. അഞ്ചാം കിക്ക് എടുക്കും മുൻപു തന്നെ 3–2ന്റെ ലീഡിൽ അർജന്റീന ഫൈനലിൽ കടന്നു.
ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ നിലവിലെ ചാംപ്യൻമാരും ആതിഥേയരുമായ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ. 15–ാം കിരീടവുമായി യുറഗ്വായുടെ റെക്കോർഡിന് ഒപ്പമെത്താൻ അർജന്റീന ഇറങ്ങുമ്പോൾ, 10–ാം കോപ്പ അമേരിക്ക കിരീടമാണ് ബ്രസീലിന്റെ ലക്ഷ്യം. സെമിയിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ കടന്നത്.