കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ് ജാമ്യം നൽകിയത്. രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കുകയും ഒരു ആൾ ജാമ്യവും നൽകണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നും നിർദേശിച്ചിട്ടുണ്ട്.
അറസ്റ്റു ചെയ്ത് രണ്ടു മാസം പിന്നിട്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ്. നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അർജുന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതിക്കു ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത്. പ്രതിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് കള്ളക്കടക്കടത്ത് സംഘം ഉണ്ടെന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം.