അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിക്കി അലി(20) യാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 16നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിയ്ക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയന്നു ചൊവ്വാഴ്ച രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.
പ്രതിയുടെ ശരീരത്ത് നാലിടത്തു വെടിയേറ്റിരുന്നതായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ട് അഭിജിത്ത് ശർമ മാധ്യമങ്ങളോടു പറഞ്ഞു. നെഞ്ചിൽ ഒരിടത്തും മുതുകിൽ മൂന്നിടത്തുമായാണു വെടിയേറ്റത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ബിക്കി അലിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബിക്കി അലിയും പ്രതികളും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനു ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. സംഭവത്തിനു ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി ഫെബ്രുവരി 19 നു ഗുവാഹത്തിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അവിടെ വച്ച് വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു. ഇതോടെ വിഷാദരോഗം ബാധിച്ച പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണു ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു.
ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പിന്തുടരുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ബിക്കി അലി കൊല്ലപ്പെടുന്നത്. അസമിൽ 2021 മേയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ജനുവരി 28 വരെ 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെടുകയും 73 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ അടുത്തിടെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.