അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ രാജ്യത്തെ വനിതാ ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയാൽ ഈ വർഷം നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽനിന്ന് പിൻമാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്. ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ ഈ വർഷം അവസാനം നടക്കേണ്ട ടെസ്റ്റ് മത്സരം റദ്ദാക്കുമെന്നാണ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത്.
‘വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വലിയ പ്രാധാന്യമാണ് നൽകുന്നത്. ക്രിക്കറ്റ് എല്ലാവർക്കും അവകാശപ്പെട്ട കായികയിനമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കാഴ്ചപ്പാട്. എല്ലാ തലത്തിലുമുള്ള വനിതകൾക്കുമിടയിൽ ഞങ്ങൾ ക്രിക്കറ്റിന് നിരുപാധിക പിന്തുണ നൽകും’ – ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ക്രിക്കറ്റ് കളിക്കുന്നതിൽനിന്ന് താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം സ്ത്രീകളെ വിലക്കിയെന്ന് വ്യക്തമാക്കി അഫ്ഗാനിസ്ഥാനിൽനിന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത്.
‘വനിതാ ക്രിക്കറ്റിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ, ഹൊബാർട്ടിൽ ഈ വർഷം അവസാനം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽനിന്ന് പിൻമാറുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല.’ ‘ഈ സുപ്രധാന വിഷയത്തിൽ ഞങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്ന ഓസ്ട്രേലിയൻ സർക്കാരിനും ടാസ്മാനിയൻ സർക്കാരിനും നന്ദി– പ്രസ്താവനയിൽ പറയുന്നു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാടിനെ പിന്താങ്ങി. ‘അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യാവകാശപരമായ പ്രശ്നങ്ങളാണ്. അത് ക്രിക്കറ്റിനെയും ബാധിക്കുന്നതാണ്. റാഷിദ് ഖാനേപ്പോലുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ വന്ന് ടെസ്റ്റ് കളിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ, അതേ അവസരം റോയ സമീമിനും സംഘത്തിനും നിഷേധിക്കപ്പെടാൻ പാടില്ലെന്നാണ് ഞങ്ങളുടെ നയം’ – അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇടപെടണമെന്ന് ഓസ്ട്രേലിയൻ കായികമന്ത്രി റിച്ചാർഡ് കോൾബെക്ക് ആവശ്യപ്പെട്ടു. ‘കായികമേഖലയിൽ ഏതു തലത്തിലായാലും സ്ത്രീകളെ വിലക്കുന്നത് അംഗീകരിക്കാനാകില്ല. ഐസിസി ഉൾപ്പെടെയുള്ള രാജ്യന്തര കായിക സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ട് നിലപാട് വ്യക്തമാക്കണം’ – മന്ത്രി ആവശ്യപ്പെട്ടു.