അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായിയെ വിജയനെ പുകഴ്ത്തിയും കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു.
ഡിസിസി പട്ടിക പുറത്തു വന്നതോടെ കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന എ.വി ഗോപിനാഥ് സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. 11 മണിക്ക് വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് ഇത്തരത്തിലുള്ള പ്രതികരണം.
അതേസമയം അനിൽ അക്കരയ്ക്കെതിരെ രൂക്ഷ ഭാഷയിലാണ് ഗോപിനാഥ് വിമർശനമുന്നയിച്ചത്. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
ഡിസിസി പ്രസിഡന്റും കെപിസിസി ഭാരവാഹിയും അടക്കമുള്ള പദവികൾ പാർട്ടി നൽകിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാൻ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനിൽ അക്കരെ വിമർശിച്ചിരുന്നു.