നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്കു ഹൈക്കോടതിയുടെ ജാമ്യം. സ്വപ്നയ്ക്കെതിരായ കോഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി നേരത്തേ റദ്ദാക്കിയതിനാൽ ഇവർക്കു ജയിൽമോചിതയാകാൻ അവസരം ഒരുങ്ങി. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം സാധ്യമാകുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
യുഎപിഎ കേസിൽ സ്വപ്ന ഉൾപ്പെടെ എട്ടു പേർക്കാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളായ പി.എസ്.സരിത്, മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാൽ, റബ്ബിൻസ്, കെ.ടി.ഷറഫുദീൻ, മുഹമ്മദാലി എന്നിവർക്കാണ് ജാമ്യം. പ്രതികൾ ഒരു വർഷത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും പ്രതികൾ പുറത്തിറങ്ങുന്നത് കേസിനെ ദുർബലപ്പെടുത്താൻ സാധ്യത ഇല്ലെന്നുമുള്ള പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളിൽ ഉൾപ്പെട്ട പി.എസ്.സരിത്തിനും റബ്ബിൻസ് എന്നിവർക്കെതിരെ കോഫെപോസ നിലനിൽക്കുന്നതിനാൽ ജയിൽമോചന സാധ്യത തെളിഞ്ഞിട്ടില്ല. സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഈ മാസം ഇരുവരുടെയും കോഫെപോസ കരുതൽ തടവ് കാലാവധി അവസാനിക്കും. നിലവിൽ ഇവർക്കെതിരായ കോഫെപോസ തുടരാൻ കസ്റ്റംസ് അപേക്ഷ നൽകിയിട്ടില്ല എന്നാണ് വിവരം.
കഴിഞ്ഞ വർഷം നവംബറിൽ പ്രതികൾ എൻഐഎ കേസിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് കോഫെപോസ ചുമത്തി കരുതൽ തടവിലാക്കിയത്. സ്വർണക്കടത്തിലൂടെ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നും സമാഹരിച്ച സമ്പത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നുമുള്ള ആരോപണൾ ഉയർത്തിയാണ് എൻഐഎ ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്.
നേരത്തേ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലെത്തിയെങ്കിലും സിംഗിൾ ബെഞ്ച് ഇവരുടെ ജാമ്യാപേക്ഷ അംഗീകരിച്ചില്ല. തുടർന്ന് ഡിവിഷൻ ബെഞ്ചിലെത്തിയതോടെയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചിരിക്കുന്നത്.