പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തിയപ്പോൾ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരസംഘത്തെ പിടികൂടിയതിനു പിന്നാലെ, ഇതേക്കുറിച്ച് വിവരിക്കുന്നതിനിടെ ബിഹാർ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പരാമർശം വിവാദത്തിൽ. പ്രതികൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വിശദീകരിക്കുന്നതിനിടെ, ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദത്തിൽ. പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.
‘‘ആർഎസ്എസ് ശാഖകളിൽ ലാത്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കാൻ പ്രത്യേകം പരിശീലനം നൽകുന്നതുപോലെ, കായിക വിദ്യാഭ്യാസത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് അവരുടെ കേന്ദ്രങ്ങളിലേക്ക് യുവാക്കളെ ആകർഷിച്ച് അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ്’ – ഇതായിരുന്നു പട്ന സീനിയർ എസ്പി മാനവ്ജീത് സിങ് ധില്ലന്റെ പരാമർശം.
ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ‘പട്ന സീനിയർ എസ്പി തന്റെ പരാമർശം പിൻവലിച്ച് മാപ്പു പറയണ’മെന്ന് ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പ്രശ്നത്തിൽ ഇടപെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ധില്ലനിൽനിന്ന് വിശദീകരണം തേടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 12നു പട്ന സന്ദർശിച്ചപ്പോൾ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള രണ്ടു പേരെ ബിഹാർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റു മൂന്നു പേർ കൂടി കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. കേസന്വേഷണത്തിനായി ബിഹാർ പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി എഡിജിപി: ജെ.എസ്.ഗാംഗ്വാർ അറിയിച്ചു.
കേരളം, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള 12 അംഗ സംഘം ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി പട്നയിലുണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. വ്യാജ പേരുകളിൽ ഇവർ ഹോട്ടലുകളിൽ മുറിയെടുത്തു താസമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ ഗൂഡാലോചനയിലും പരിശീലനത്തിലും ഇവർ പങ്കെടുത്തു. സംഭവവുമായി ബന്ധമുള്ള 26 പേർക്കെതിരെ പട്ന ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായി പട്ന അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ വെളിപ്പെടുത്തി.
മോദിയുടെ സന്ദർശനത്തിനു രണ്ടാഴ്ച മുൻപു തന്നെ ഫുൽവാരി ഷെരീഫിൽ ഭീകര പരിശീലന ക്യാംപ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയെ കുറിച്ചു ആറ്, ഏഴ് തീയതികളിൽ ഗൂഡാലോചന യോഗങ്ങളും നടന്നു. പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിലൂടെ രാജ്യവ്യാപക കലാപം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതി.
ജാർഖണ്ഡ് പൊലീസിലെ മുൻ എസ്ഐ മുഹമ്മദ് ജലാലുദ്ദീൻ, ഫുൽവാരി ഷെരീഫ് നിവാസി അത്തർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. മുൻ സിമി പ്രവർത്തകനായ പർവേസ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളിൽ സജീവമായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11നു നടത്തിയ റെയ്ഡിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ ‘ഇന്ത്യ 2047’ ഇസ്ലാമികവൽകരണ പദ്ധതിരേഖയും തീവ്രവാദ ലഘുലേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നു സംഘത്തിനു ഫണ്ടു ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി.