ജൂലൈ 12ന് ബിഹാറിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ച് ബിഹാർ പൊലീസ്. പട്ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 2047നുള്ളിൽ ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി. അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
പട്നയ്ക്കു സമീപം ഫുൽവാരി ഷരീഫിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശീലനം. മോദി എത്തുന്നതിനു രണ്ടാഴ്ച മുൻപാണ് ഇവരെ പിടികൂടിയത്. മോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനായി ഈ ഭീകരസംഘം ജൂലൈ 6, 7 തീയതികളിൽ പ്രത്യേകം യോഗം ചേർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പിടിയിലായവരുടെ ഓഫിസുകളിൽ പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് സംശയാസ്പദമായ നിലയിൽ ചില രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. ‘2047 ഇന്ത്യ – ഇസ്‍ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തു.
ഫുൽവാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിത്യസന്ദർശകരായിരുന്ന കൂടുതൽ യുവാക്കളും കേരളം, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുണ്ട്.
പിടിയിലായ യുവാക്കൾക്ക് മുസ്‍ലിം രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.