ബിജെപിയുടെ ദൈനംദിന പ്രവർത്തനത്തിലും സംഘടനാ കാര്യങ്ങളിലുമുള്ള ഇടപെടലും കർശന നിയന്ത്രണങ്ങളും കുറയ്ക്കാൻ ആർഎസ്എസ് സംഘടനാതലത്തിൽ നീക്കം തുടങ്ങി.
രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ ആർഎസ്എസിന്റെ നിരന്തര ഇടപെടൽ പലപ്പോഴും തടസമുണ്ടാക്കുന്നതായി പാർട്ടിക്കുളളിലും സംഘത്തിനുളളിലും ചർച്ച ഉയർന്നതിനെ തുടർന്നാണ് ഈ നീക്കമെന്നറിയുന്നു. മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ലെന്നാണു സംഘടനയുടെ വിലയിരുത്തൽ. വിഷയത്തിൽ ആർഎസ്എസ്– ബിജെപി കേന്ദ്രനേതൃത്വവും നിർദ്ദേശം നൽകിയതായാണ് സൂചന.
പാർട്ടി ഭാരവാഹികൾക്ക് നിശ്ചയിച്ച പ്രായപരിധി പുനപരിശോധിക്കണമെന്നും ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തമാസം ആരംഭിക്കുന്ന ആർഎസ്എസിന്റെ യോഗങ്ങളിൽ വിഷയങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുമെന്നാണു വിവരം. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ബിജെപി–ആർഎസ്എസ് സമന്വയയോഗത്തിലെ തിരഞ്ഞെടുപ്പു വിലയിരുത്തലിനിടയിലാണു സംഘത്തിന്റെ സമീപനം പാർട്ടിയുടെ രാഷ്ട്രീയവത്ക്കരണം ലക്ഷ്യത്തിലെത്താൻ തടമാകുന്നുവന്ന വിമർശനം മുതിർന്ന നേതാക്കൾ ഉൾപ്പെടെ ചർച്ചചെയ്തത്.