രാജ്യത്ത് ഏക വ്യക്തിനിയമം (ഏക സിവിൽകോഡ്) നടപ്പാക്കുന്നതു സംബന്ധിച്ച ബിൽ പാർലമെന്റിൽ ഒരു വർഷത്തിനുള്ളിൽ അവതരിപ്പിച്ചേക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നിയമം നടപ്പാക്കാനാണു ബിജെപി ഉദ്ദേശിക്കുന്നത്.
ഉത്തരാഖണ്ഡിൽ നടപ്പാക്കുന്ന ഏകവ്യക്തി നിയമം ‘പൈലറ്റ്’ പദ്ധതിയാണെന്നു ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം ഭോപാലിൽ ബിജെപി യോഗത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ നിയമത്തിന്റെ കരടു തയാറായിക്കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ രാജ്യം മുഴുവൻ ബാധകമാകുന്ന നിയമം തയാറാക്കാനാണു കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നറിയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, മുത്തലാഖ് നിരോധനം, പൗരത്വ നിയമം തുടങ്ങിയവയ്ക്കൊപ്പം ഏക വ്യക്തിനിയമവും ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നുവെന്നു ഉന്നത ബിജെപി നേതാവ് പറഞ്ഞു.
പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും നിയമം നടപ്പാക്കുമെന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം ലക്നൗവിൽ പറഞ്ഞു. കശ്മീർ പ്രത്യേക പദവി റദ്ദാക്കലും മുത്തലാഖ് നിരോധനവുമെല്ലാം പ്രതിപക്ഷം സഹകരിക്കാതെ തന്നെയാണു നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏക വ്യക്തിനിയമത്തിന്റെ കരടു തയാറാക്കാനുളള വിദഗ്ധസമിതി രൂപീകരിക്കാൻ കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏക വ്യക്തി നിയമം നടപ്പാക്കാനൊരുക്കാണെന്നാണു കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.