കോപ്പ അമേരിക്കയ്ക്ക് പിറകെ ഒളിമ്പിക്‌സിലും വെന്നിക്കൊടി പാറിക്കാന്‍ ബ്രസീല്‍. മെക്‌സിക്കോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്പിക്‌സ് പുരുഷ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. ജപ്പാന്‍-സ്‌പെയിന്‍ രണ്ടാം സെമിയിലെ ജേതാക്കളാവും കലാശപ്പോരില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ ബ്രസീലിന്റെ എതിരാളികള്‍.
നിശ്ചിതസമയവും എക്‌സ്ട്രാ ടൈമും അടക്കം 120 മിനിറ്റും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിയാതായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ബ്രസീലിനുവേണ്ടി ഡാനി ആല്‍വെസ്, മാര്‍ട്ടിനെല്ലി, ബ്രൂണോ, റെയ്‌നീര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു. മെക്‌സിക്കോയുടെ ആദ്യ കിക്കെടുത്ത എഡ്വാര്‍ഡോയുടെ ഷോട്ട് ബ്രസീലിയന്‍ ഗോളി സാന്റോസ് ഇടത്തോട്ട് ചാടി കുത്തിയകറ്റിയപ്പോള്‍ രണ്ടാം കിക്കെടുത്ത വാസ്‌ക്വിസ് പന്ത് ബാറിലേയ്ക്കടിച്ചു കളഞ്ഞു. മൂന്നാം കിക്കെടുത്ത റോഡ്രിഗസ് ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.
ഇരു ടീമുകളും ഒരുപോലെ അവസരങ്ങള്‍ തുലയ്ക്കുന്നത് കണ്ടാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. ഒന്നാം പകുതിയില്‍ മെക്‌സിക്കോയ്ക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചു. ഒന്ന് ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ ഒന്ന് പോസ്റ്റിന് ഏറെ അകലെ പറന്നുപാഴായി.
ഇരുപത്തിയേഴാം മിനിറ്റില്‍ ബ്രസീലിന് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും വാറില്‍ റഫറി തീരുമാനം പുന:പരിശോധിക്കുകയായിരുന്നു. ഒളിമ്പിക്‌സില്‍ ഇതുവരെയായി ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ബ്രസീലിന്റെ സമ്പാദ്യം.