ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെയ്‌ക്കെതിരേ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബി.യുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ്. സമീര്‍ വാംഖഡെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നായിരുന്നു ഗ്യാനേഷര്‍ സിങ്ങിന്റെ മറുപടി. നിലവില്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സമീര്‍ വാംഖഡെക്കെതിരേയും കെ.പി. ഗോസാവിക്കെതിരേയും കൈക്കൂലി ആരോപണം ഉന്നയിച്ച പ്രഭാകര്‍ സെയില്‍ തിങ്കളാഴ്ച മുംബൈ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. തന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കാനായാണ് അദ്ദേഹം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കാണാനെത്തിയത്. ജോയന്റ് കമ്മീഷണര്‍ മിലിന്ദ് ഭാരംബെയുമായി പ്രഭാകര്‍ സെയില്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു.
ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി. ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍നിന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെല്ലാം സമീര്‍ വാംഖഡെയും എന്‍.സി.ബി. ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം തന്നെ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നായിരുന്നു സമീര്‍ വാംഖഡെയുടെ പ്രതികരണം. പണം വാങ്ങിയെങ്കില്‍ എങ്ങനെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ കിടക്കുന്നതെന്ന് മറ്റ് എന്‍.സി.ബി. ഉദ്യോഗസ്ഥരും ചോദിച്ചു. എന്‍.സി.ബി.യുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ഈ ആരോപണങ്ങളെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. അതിനിടെ, അവലോകന യോഗത്തിനായി സമീര്‍ വാംഖഡെ ചൊവ്വാഴ്ച ഡല്‍ഹിയിലെ എന്‍.സി.ബി. ആസ്ഥാനത്ത് എത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൈക്കൂലി ആരോപണം കത്തിനില്‍ക്കുന്നതിനിടെയാണ് മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍, എന്‍.സി.ബി. ആസ്ഥാനത്ത് എത്തുന്നത്.