അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന 13–ാമത് ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടി. അഫ്ഗാൻ മണ്ണ് ഭീകരപ്രവർത്തനത്തിനുള്ള താവളമായി ഉപയോഗിക്കരുതെന്നും മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ കേന്ദ്രമാകരുതെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
ഭീകകരുടെ അതിർത്തി കടന്നുള്ള നീക്കവും ഭീകര പ്രവർത്തനത്തിനു ധനസഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും ഉൾപ്പെടെ ഭീകരവാദത്തിനെതിരെ പോരാടാൻ അഫ്ഗാൻ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാനിസ്ഥാന്‍ അക്രമത്തിൽനിന്നു വിട്ടുനിൽക്കണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ സാഹചര്യം പരിഹരിക്കണമെന്നും ബ്രിക്സ് നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ഥിരത, സമാധാനം, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി അഫ്ഗാനിൽനിന്നുള്ള സംവാദവും നേതാക്കൾ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സേനയും സഖ്യകക്ഷികളും പിൻവാങ്ങിയത് രാജ്യത്ത് ഒരു പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഇത് ആഗോളവും പ്രാദേശികവുമായ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതിൽ ഇപ്പോഴും വ്യക്തയില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.