ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
കെട്ടിടത്തിന്റെ അടിസ്ഥാനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സ്ഥല പരിശോധന നടത്തും. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനായി പെര്‍മിറ്റുകള്‍ നിശ്ചിത ഫോമില്‍ ലൈസന്‍സികള്‍ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ നല്‍കണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മ്മാണത്തിന് പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കുമെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.