സ്വകാര്യ ബസിന്റെ ടിക്കറ്റ് നിരക്കു വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ധനവില വർധിച്ചതിനാൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സർക്കാർ യോജിച്ചു. സർക്കാർ പുതിയ നിർദേശമൊന്നും മുന്നോട്ടു വച്ചില്ല. ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വർധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതൽ നിലവിൽ വരണമെന്ന് ഉടൻ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി ആശയവിനിമയം നടത്തും.
ചാർജ് വർധിപ്പിക്കുമ്പോൾ, ഓരോ ഫെയർ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സംഘടനകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ സ്വകാര്യ ബസ് ഉടമകളുടെ 3 അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മിനിമം നിരക്ക് 8 രൂപയിൽനിന്ന് 12 ആക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ ആക്കുക, വിദ്യാർഥികളുടെ നിരക്ക് ഒരു രൂപയിൽനിന്ന് 6 ആക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനം ആക്കുക, കോവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. ടാക്സ് ഒരു ക്വാട്ടർ ഒഴിവാക്കുകയും ഡിസംബർ 31വരെ സമയം നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.