സവാളയുടെ വില ഒരാഴ്ച കൊണ്ട് വർധിച്ചത് ഇരട്ടിയോളം. എറണാകുളം മാർക്കറ്റിൽ ഇന്നലെ മൊത്തവില കിലോഗ്രാമിന് 43 രൂപ. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 46–48 രൂപ. 7 ദിവസം മുൻപ് സവാള വിറ്റത് കിലോഗ്രാമിന് 26 രൂപയ്ക്ക്. കോഴിക്കോട് മൊത്തവില 38 രൂപയും ചില്ലറ വില 43 രൂപയുമാണ്. ഉള്ളി ഉൽപാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ കനത്ത മഴയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. എന്നിരുന്നാലും വരും മാസങ്ങളിൽ ഉള്ളി വിലയിൽ വലിയ വർധനയ്ക്കു സാധ്യതയുണ്ട്.
2019 ൽ കേരളത്തിൽ ഒരു കിലോ ഗ്രാം ഉള്ളിക്ക് 150 രൂപവരെ വില വന്നു. സെപ്റ്റംബർ – ഡിസംബർ കാലത്ത് രാജ്യത്താകെ ഉള്ളി വില കൂടാറുണ്ട്. പുണെ മാർക്കറ്റിൽ നിന്നുള്ള സവാളയാണു പ്രധാനമായും കേരളത്തിലെത്തുന്നത്. ജൂൺ– ജൂലൈ മാസങ്ങളിൽ ഉള്ളി നട്ട് ഒക്ടോബർ– നവംബർ മാസങ്ങളിൽ വിളവെടുക്കുന്നതാണു രീതി. എന്നാൽ അടുത്തിടെയുണ്ടായ കനത്ത മഴയിൽ പല പ്രാദേശിക ഗോഡൗണുകളിലെയും കരുതൽ ശേഖരം നനഞ്ഞു നശിച്ചു. പാകമായ വിളയും നശിച്ചു.
സ്റ്റോക് കുറഞ്ഞതിനൊപ്പം രാജ്യത്താകെ ഉത്സവകാലം എത്തിയതും വിലക്കയറ്റത്തിന് ഇടയാക്കി. കഴിഞ്ഞ രണ്ടു വർഷവും രാജ്യത്താകെ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നതാണ്. വിദേശത്തുനിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് പ്രതിസന്ധി തരണം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്തു കഴിഞ്ഞ സീസണിൽ കേന്ദ്രസർക്കാർ പതിവിലും അധികം ഉള്ളി സ്റ്റോക് ചെയ്തിട്ടുണ്ട്. ഇതു മാർക്കറ്റിൽ എത്തുന്നതു വിലവർധന തടയുമെന്നു വിദഗ്ധർ പറയുന്നു.