സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന്‍ അട്ടിമറി വിജയം നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാമതായി.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും(പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂര്‍, കോഴിക്കോട് -നന്മണ്ട) എല്‍ഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ബിന്ദു ശിവനാണ് വിജയിച്ചത്.
ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു.