രണ്ടാം മോദി സര്‍ക്കാരിലെ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 7 മന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍ എന്നിവരാണ് രാജിവെച്ചത്.
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി. അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതിനിടെ സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂര്‍, ജി.കിഷന്‍ റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ.