കോവിഡ് കേസുകൾ കൂടുതലുള്ള കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ആറ് ഉന്നതതല സംഘങ്ങളെ അയച്ചു. അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തിസ്ഗഢ്, മണിപ്പുർ സംസ്ഥാനങ്ങളാണ് മറ്റുള്ളവയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടംഗ സംഘമാണ് ഓരോ സംസ്ഥാനത്തേക്കും വരിക. ഒരു ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമാണ് സംഘത്തിലുണ്ടാകുക.
സംസ്ഥാനങ്ങളിൽനിന്നുള്ള വെല്ലുവിളികളും പ്രശ്നങ്ങളുമെന്തെന്ന് ഈ സംഘങ്ങൾ ആദ്യഘട്ടത്തിൽ മനസ്സിലാക്കും. പിന്നീട് അവയെ നേരിടാനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പിന്തുണ നൽകുകയും ചെയ്യും, ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേക്കുള്ള സംഘത്തിൽ പൊതുജനരാരോഗ്യ വിദഗ്ധ ഡോ. രുചി ജയ്ൻ ഉണ്ടാകും. ഉടൻ തന്നെ സംഘങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കും.