താലിബാനുമായി ‘സൗഹൃദബന്ധം’ സ്ഥാപിക്കാൻ ഒരുക്കമാണെന്ന് ചൈന. അഫ്ഗാനിൽ താലിബാൻ അധിപത്യം ഉറപ്പിച്ച്, മണിക്കൂറുകൾക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. ‘സ്വന്തം വിധി നിർണയിക്കാനുള്ള അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാൻ തയാറാണ്’ – ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് തിങ്കളാഴ്ച പറഞ്ഞു.
അഫ്ഗാനിൽ സുഗമമായ അധികാര കൈമാറ്റം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാൻ ഉന്നത പ്രതിനിധി സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്റെ പുനർനിർമാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാനുമായി 76 കിലോമീറ്റർ അതിർത്തിയാണ് ചൈന പങ്കിടുന്നത്.
താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും പ്രതികരിച്ചു. താലിബാനുമായി പോരാടുന്നതിന് ബ്രിട്ടനും നാറ്റോ സേനയും തിരികെ അഫ്ഗാനിലേക്ക് പോകില്ലെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.
20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അഫ്ഗാൻ വീണ്ടും താലിബാൻ ഭരണത്തിലേക്ക് വരുന്നത്. താലിബാൻ കാബൂളിൽ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹും രാജ്യം വിട്ടിരുന്നു. താലിബാൻ മേധാവി മുല്ല അബ്ദുൽ ഗനി ബറാദർ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന.