മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായ–തൊഴിൽ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. കിറ്റെക്സ് 3500 കോടി രൂപയുടെ പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം.
ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ കേരളത്തിലെ വ്യവസായ–തൊഴിൽ മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും. കേരളത്തിലേക്കു വ്യവസായം ആകർഷിക്കാനും വ്യവസായികളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാനും നടപടികളുണ്ടാകും. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും ചർച്ചയാകും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കിറ്റെക്സ് കമ്പനിയിൽ തുടര്‍ച്ചയായി പരിശോധന നടത്തിയ സാഹചര്യത്തിലാണ് 3500 കോടി രൂപയുടെ പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നു കമ്പനി അറിയിച്ചത്. കിറ്റെക്സ് അപ്പാരൽ പാർക്ക് ആരംഭിക്കേണ്ടെന്നും തീരുമാനിച്ചു. അതേസമയം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കിറ്റെക്സിന് ഒട്ടേറെ നിക്ഷേപ സൗഹൃദ വാഗ്ദാനങ്ങള്‍ നൽകിയിട്ടുണ്ട്.