ഒരാഴ്ചയ്ക്കിടെ പുതിയ കോവിഡ് കേസുകളില്‍ 21,000 കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും ആയി കുറഞ്ഞു ആകെ രോഗികളില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഒരുശതമാനം പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് വാക്സിനേഷന്‍ 80 ശതമാനത്തോടടുക്കുകയാണ്. നിലവില്‍ 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു. 30 ശതമാനം പേര്‍ക്കു രണ്ടാം ഡോസ് വാക്സീനും നല്‍കി. നിലവില്‍ ഏഴു ലക്ഷം വാക്സീന്‍ കൈവശമുണ്ട്. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 93 ശതമാനത്തിലധികം ആളുകള്‍ക്ക് ഒരു ഡോസ് വാക്സീനും 50% പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കി.
80 ശതമാനം ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്‍റിജന്‍ ടെസ്റ്റ് ചുരുക്കാനും ആര്‍ടിപിസിആര്‍ ടെസ്റ്റ് വർധിപ്പിക്കാനും എടുത്ത തീരുമാനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മാത്രം ആന്‍റിജന്‍ ടെസ്റ്റ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡബ്ല്യുഐപിആര്‍ നിരക്ക് എട്ടിനു മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഏഴ് ശതമാനത്തിനു മുകളില്‍ ഡബ്ല്യുഐപിആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് എട്ടു ശതമാനത്തിനു മുകളില്‍ ആക്കിയത്.