കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയർത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റെക്സ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒറ്റപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെ തടയുന്നത് ശരിയല്ല. നാടിന്റെ പുരോഗതിയെ തകർക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. നിയമവും ചട്ടവും എല്ലാവരും അനുസരിക്കണം. അതിനെ വേട്ടയാടലായി കാണേണ്ടതില്ല. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയാറല്ല. അത് പല വ്യവസായികളും പരസ്യമായി സമ്മതിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. കിറ്റെക്സ് പ്രതിനിധികൾക്കു സഞ്ചരിക്കാൻ വിമാനം അയച്ചതും കൊണ്ടുപോയതും തെലങ്കാനയുടെ താൽപര്യമാണ്. അവിടെ വ്യവസായം വരുന്നത് നല്ലതാണ് എന്ന് അവർ കരുതിക്കാണും. കിറ്റെക്സിന്റെ ഓഫർ വന്നപ്പോള്‍ വിമാനം അയച്ചു കാണും. അതിൽ താൻ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. എന്നാൽ, ഇത് ഉയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. വസ്തുതയ്ക്കു നിരക്കാത്ത വാദങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നു വരുന്നു. കേരളം നിക്ഷേപത്തിന് അനുകൂലമല്ല എന്നാണ് വാദം. ഇതു പണ്ട് സംസ്ഥാനത്തെക്കുറിച്ചു പറഞ്ഞു പരത്തിയ ആക്ഷേപമാണ്. അത് പൂർണമായി നാട് നിരാകരിച്ചിട്ടുണ്ട്. ഇപ്പോൾ വ്യവസായികൾ ഏറ്റവും നിക്ഷേപ സൗഹൃദമായാണ് കേരളത്തെ കാണുന്നത്.
നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളമാണ് ഒന്നാമതെന്നു മുഖ്യമന്ത്രി പറഞ്ഞു. സൂചികയിലെ പ്രധാന പരിഗണന വ്യവസായ വികസനം ആയിരുന്നു. ആ രംഗത്തെ വികസനമാണ് നേട്ടം കൈവരിക്കാൻ സഹായിച്ചത്. മികച്ച ബിസിനസ് സാഹചര്യത്തിൽ കേരളത്തിനു രണ്ടാം സ്ഥാനം ലഭിച്ചു. 2016 മുതൽ സുപ്രധാന വ്യവസായ അനുകൂല നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. വ്യവസായ തര്‍ക്ക പരിഹാരത്തിനായി ജില്ലാതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കു കേന്ദ്രീകൃത സംവിധാനം ഒരുക്കി. എല്ലാ വ്യവസായ പാർക്കുകളിലും വ്യവസായങ്ങൾക്ക് വേഗം അനുമതി ലഭിക്കുന്നതിനു ബോർഡ് രൂപീകരിച്ചു. നടപടികൾ ലളിതമാക്കി നിക്ഷേപത്തിന് അനുകൂല സാഹചര്യം ഒരുക്കി.
30 വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷ ഫോറം ലഭ്യമാക്കി. 30 ദിവസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കിൽ വ്യവസായ യൂണിറ്റിന് അനുമതി ലഭിച്ചതായി കണക്കാക്കും. സൂക്ഷ്മ ചെറുകിട വ്യവസായം സ്ഥാപിക്കുന്നതിനു സാക്ഷ്യപത്രം മാത്രം മതി എന്നു തീരുമാനിച്ചു. മൂന്നു വർഷം കഴിഞ്ഞ് 6 മാസത്തിനകം ലൈസൻസ് നേടിയാൽ മതി. 70946 ചെറുകിട വ്യവസായ യൂണിറ്റുകൾ സംസ്ഥാനത്തുണ്ട്. 6612 കോടിയുടെ നിക്ഷേപം എത്തി. 100 കോടിവരെയുള്ള വ്യവസായങ്ങൾക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകി. വ്യവസായ അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടി നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.