കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്‍റെ അനുമതി തേടി വിജിലന്‍സ്. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദാന്വേഷണത്തിനു അനുമതി തേടിയത്. കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിലും ഡിസിസി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തിയതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമികാന്വേഷണം നടത്തിയത്. കൂടുതല്‍ തെളിവുശേഖരണം നടത്തണമെന്നാണു വിജിലന്‍സ് ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് സുധാകരൻ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. തന്നെ കേസുകളില്‍ പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മോന്‍സന്‍ മാവുങ്കൽ വിവാദം സിബിഐയ്ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം.
മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ലെന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരനെതിരായ വിജിലന്‍സ് അന്വേഷണ ശുപാർശ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടും. തട്ടിപ്പുകാരനോടു ബന്ധപ്പെട്ട മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവരുടെ ചിത്രങ്ങൾ ഉണ്ട്.
ഞങ്ങളാരും അവർക്കെതിരെ ആക്ഷേപം ഉന്നയിച്ചില്ലല്ലോ? ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞാട്ടാണോ എല്ലാവരും പോയത്? ഇത്രയും ദിവസങ്ങൾ കഴിഞ്ഞ ശേഷം ആരാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.