ഒടുവില്‍ നീലയും വെള്ളയും കലര്‍ന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തം.
ഞായറാഴ്ച പുര്‍ച്ചെ നടന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. ഇതിനു മുമ്പ് 1993-ലായിരുന്നു ടീമിന്റെ കിരീട നേട്ടം. 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറി. പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ടു തവണയും ചിലിയോട് തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ പക്ഷേ ആ കേട് മെസ്സിയും സംഘവും തീര്‍ത്തു.
ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിനു ചേര്‍ന്ന കളിയൊന്നുമായിരുന്നില്ല ഇരു ടീമും കാഴ്ച വെച്ചത്. എങ്കിലും ലഭിച്ച അവസരം ഏയ്ഞ്ചല്‍ ഡി മരിയ മുതലാക്കിയപ്പോള്‍ അത് അര്‍ജന്റീനയ്ക്ക് ലഭിച്ച ഭാഗ്യമായി. പിന്നീടങ്ങോട്ട് ബ്രസീലിന്റെ കടുത്ത മുന്നേറ്റങ്ങള്‍ തടഞ്ഞ അര്‍ജന്റീന പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
2014-ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി അര്‍ജന്റീനയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു. അടുത്തടുത്തായി മൂന്ന് പ്രധാന ടൂര്‍ണമെന്റുകളുടെ കലാശപ്പോരിലാണ് അവര്‍ക്ക് കാലിടറിയത്. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല. കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന ഒരു കിരീട നേട്ടം.