നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹര്‍ജിയും തള്ളി. തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
കോൺഗ്രസിൽ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആർജവമുണ്ടെങ്കിൽ വനിതാ സാമാജികരെ ആക്രമിച്ച കേസിൽ ആണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എംഎൽഎ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.