കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗംഗാ ദസറയോടനുബന്ധിച്ച് ഗംഗയില്‍ സ്നാനം ചെയ്ത് നൂറുകണക്കിന് ആളുകള്‍.
ഹരിദ്വാര്‍, ഉത്തരാഖണ്ഡ് ഉത്തര്‍പ്രദേശിലെ ഫരുഖബാദ് എന്നീ ഗംഗാതീരങ്ങളിലാണ് ഗംഗാദസറയുടെ ഭാഗമായി സ്നാനത്തിനായി നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയത്. മാസ്‌ക്കില്ലാതേയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഭക്തജനങ്ങള്‍ ഗംഗാസ്നാനത്തില്‍ ഏര്‍പ്പെട്ടത്. എല്ലാവര്‍ഷവും ഗംഗാദസറയുടെ ഭാഗമായി നിരവധി പേരാണ് ഗംഗാസ്നാനത്തിനായി എത്തിച്ചേരുക. സര്‍ക്കാര്‍ വിപുലമായ സജ്ജീകരണങ്ങളും ഗംഗാസ്നാനത്തിനായി ഒരുക്കാറുണ്ട്.
ഗംഗാസ്നാനത്തിനായി വലിയ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭക്തര്‍ അശ്രദ്ധമായാണ് സ്നാനത്തില്‍ പങ്കുകൊള്ളുന്നതെന്നും ആരും തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഗംഗാസ്നാനത്തിന് എത്തിച്ചേര്‍ന്ന ഗൗരവ് എന്ന ഭക്തനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ അഭിപ്രായപ്പെട്ടു. ഹരിദ്വാറിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടേയും കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഗംഗാദസറയോട് അനുബന്ധിച്ച് നടക്കുന്നത്.
വീടുകളില്‍ വെച്ച് ഗംഗാദസറ ആഘോഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് ഹരിദ്വാറിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ പറഞ്ഞു. നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനഫലവുമായി വരുന്നവരെ മാത്രമാണ് ഗംഗാസ്നാനത്തിന് അനുവദിച്ചതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ വാര്‍ത്താഏജന്‍സി എ എന്‍ ഐയോട് വിശദീകരിച്ചു.