ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്നു സിപിഎം നേതൃത്വം. തൽക്കാലം എ.കെ.ശശീന്ദ്രനെ കൈവിടേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണു സൂചന. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞുവെന്നു ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് എന്‍സിപിയുടെ നിലപാട്.
രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യന്ത്രിയോടു ശശീന്ദ്രന്‍ നേരിട്ടു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു, അധികാരം ഉപയോഗിച്ചു തെറ്റായി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനാണു ഫോണിലൂടെ പറഞ്ഞത്. പീഡനപരാതിയാണെന്ന് അറിയില്ലായിരുന്നു എന്നുമുള്ള ശശീന്ദ്രന്‍റെ വിശദീകരണം മുഖ്യമന്ത്രി കണക്കിലെടുത്തു. രാജിവെയ്ക്കേണ്ടതില്ലെന്നു ശശീന്ദ്രനോടു പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും പെട്ടെന്നൊരു നടപടിക്കു സാധ്യതയില്ല.
മുഖ്യമന്ത്രി വിളിച്ചിട്ടല്ല ക്ലിഫ് ഹൗസിലെത്തിയതെന്നും തനിക്കു പറയാനുള്ള കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. വിവാദത്തിൽ പാര്‍ട്ടി ശശീന്ദ്രന് ഒപ്പമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പരിഹരിക്കാനാണു മന്ത്രി ഇടപെട്ടതെന്നു ഡല്‍ഹയില്‍ ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.
അതിനിടെ, ശശീന്ദ്രനെതിരെ എറണാകുളം സെന്‍ട്രൽ സ്റ്റേഷനിൽ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ക്രമിനല്‍ കുറ്റം കണ്ടെത്താനാകാത്തതില്‍ കേസ് എടുക്കാനാവില്ലെന്നു പൊലീസിനു നിയമോപദേശം ലഭിച്ചു. സംഭവത്തിൽ പെണ്‍കുട്ടിയുടെ മൊഴി നിര്‍ണായകമാണ്. കേസ് പിന്‍വലിക്കാന്‍ മന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന മൊഴി പെണ്‍കുട്ടി പൊലീസിനു നല്‍കിയാല്‍ ശശീന്ദ്രന്‍ പ്രതിയാവുകയും മന്ത്രിസഭയിൽനിന്നു പുറത്തേക്കു പോകേണ്ടി വരികയും ചെയ്യും. ഇക്കാര്യം സിപിഎം എന്‍സിപിയെ അറിയിച്ചിട്ടുണ്ട്.