മൂന്നാം മുറയുടെ കാലം അവസാനിച്ചെന്നും ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി), ഇന്ത്യന്‍ തെളിവു നിയമം എന്നിവയില്‍ കാലാനുസൃതമായ സമൂലപരിഷ്‌കരണം നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
മൂന്നാം മുറയുടെ കാലം അവസാനിച്ചെന്നും ആറു വര്‍ഷത്തിനും അതിനു മുകളിലും ശിക്ഷ ലഭിക്കാവുന്ന ഏതു കുറ്റകൃത്യത്തിലും ഫൊറന്‍സിക് പരിശോധന നിര്‍ബന്ധമാക്കണമെന്നും അമിത് ഷാ പറഞ്ഞു. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയില്‍ സമൂലപരിഷ്‌കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദമായ ചര്‍ച്ച നടത്തുകയാണ്. ഇവയെ കാലാനുസൃതമാക്കാനും ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്താനും ആവശ്യമില്ലാത്തവ ഒഴിവാക്കാനുമാണു ശ്രമിക്കുന്നത്.
ഏതു വിദഗ്ധനായ കുറ്റവാളിയെയും ഫൊറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തുന്ന ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുടുക്കാന്‍ കഴിയും. കുറ്റാന്വേഷണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയായി ശാസ്ത്രീയ തെളിവുകള്‍ മാറേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.