ശബരിമലയില്‍ സംസ്ഥാന പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തല്‍. അനാവശ്യ നിയന്ത്രണങ്ങള്‍ കാരണമാണ് ഭക്തര്‍ എത്താത്തതെന്ന് സര്‍ക്കാരിനെ ബോര്‍ഡ് അറിയിക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ പതിനാറിനാണ് ഇനി ശബരിമല നട തുറക്കുക.
ആണ്ടുപിറപ്പ് മാസത്തിലും ശബരിമലയില്‍ തിരക്ക് വളരെ കുറവായിരുന്നു. പ്രതിദിനം പതിനയ്യായിരം അയ്യപ്പന്‍മാരെ അനുവദിച്ചെങ്കിലും മൂന്നിലൊന്നു പോലും എത്തിയില്ല. നിറപുത്തരിക്കും ചിങ്ങമാസ പൂജകള്‍ക്കുമായി എട്ടു ദിവസം നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയത് പതിനയ്യായിരത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രം. കോവിഡിന് ശേഷം മാസപൂജ സമയത്തും വെര്‍ച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.
രണ്ട് ഡോസ് വാക്സീനോ, 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. വെര്‍ച്വൽ ക്യൂവില്‍ പലപ്പോഴും ബുക്ക് ചെയ്യാന്‍ പറ്റുന്നില്ലെന്ന് ദേവസ്വം ബോര്‍ഡിന് ധാരാളം പരാതി ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് അയല്‍ സംസ്ഥാനങ്ങളില്‍ ഇടനിലക്കാര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് അടുത്ത മാസപൂജ സമയത്ത് ഇളവുകള്‍ വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും.