ഒളിംപിക് സ്വർണം സ്വന്തമാക്കി ഗോൾഡൻ സ്‍ലാം നേട്ടത്തിലേക്കെത്താൻ സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് ടോക്കിയോയിൽ കോർട്ടിലിറങ്ങും. ഒളിംപിക്സിൽ മത്സരിക്കുമെന്നു താരം സ്ഥിരീകരിച്ചു. 4 ഗ്രാൻസ്‍ലാമുകൾക്കു പുറമേ ഒളിംപിക് സ്വർണം കൂടി സ്വന്തമാക്കുന്ന നേട്ടമാണു ഗോൾഡൻ സ്‍ലാം.
ഇത്തവണ ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വിമ്പിൾഡനും സ്വന്തമാക്കിയ ജോക്കോ ഓഗസ്റ്റ് ഒടുവിൽ തുടങ്ങുന്ന യുഎസ് ഓപ്പണിലും കിരീടം പ്രതീക്ഷിക്കുന്നു. ഒരു കലണ്ടർ വർഷം ഈ 5 നേട്ടങ്ങളും (യുഎസ്, ഫ്രഞ്ച്, ഓസ്ട്രേലിയൻ ഓപ്പണുകളും വിമ്പിൾഡനും ഒളിംപിക് സ്വർണവും) സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡാണു ജോക്കോയെ കാത്തിരിക്കുന്നത്. 1988ൽ സ്റ്റെഫി ഗ്രാഫ് വനിതാ സിംഗിൾസിൽ ഈ നേട്ടം കൈവരിച്ചിരുന്നു.