നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ മരിച്ച നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു.
ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൂറ് പവന്‍ സ്വര്‍ണ്ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, പത്ത് ലക്ഷം രൂപയുടെ കാര്‍ എന്നിവ മരിച്ച നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ വീട്ടുകാര്‍ ഭര്‍ത്താവായ കിരണിന് സ്ത്രീ ധനമായി നല്‍കിയിരുന്നു. സ്വര്‍ണത്തിന്റെയും സ്ഥലത്തിന്റെയും കാര്യത്തില്‍ പരാതിയില്ലായിരുന്ന കിരണ്‍ പത്ത് ലക്ഷത്തിന്റെ കാറിനെക്കുറിച്ച് സ്ഥിരമായി പരാതി പറഞ്ഞിരുന്നു. കാറിന്റെ മോഡല്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു പീഡനങ്ങളുടെ തുടക്കം, ആദ്യഘട്ടത്തില്‍ മാനസിക പീഡനമായിരുന്നെങ്കില്‍ പിന്നീടത് ശാരീരിക ഉപദ്രവത്തിലേക്ക് കൂടെ കടന്നു.
കാറിന് സിസിയുണ്ടെന്ന് മനസിലായ കിരണ്‍ വിസ്മയയുമായി വീട്ടിലെത്തി. അവിടെ വെച്ച മകളെ തല്ലിയെന്നും തടയാന്‍ ശ്രമിച്ച സഹോദരനെയും അടിച്ചുവെന്നും വിസ്മയയുടെ പിതാവ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിഷയത്തില്‍ പരാതി നല്‍കിയിരുന്നെന്നും ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. വിസ്മയ ബന്ധുക്കളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റില്‍ കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർത്താവ് നിരന്തരമായി തന്നെ മർദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കൾക്ക് സന്ദേശമയച്ചിരുന്നു. മർദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളിൽ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺകുമാർ ഒളിവിൽ പോയിരിക്കുകയാണ്.