വ്യോമസേനാ താവളത്തിനു നേരെ ഡ്രോണ്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ കഴിഞ്ഞ രാത്രി സൈനിക കേന്ദ്രത്തിനു സമീപത്തെത്തിയ രണ്ട് ഡ്രോണുകള്‍ സൈനികര്‍ വെടിവച്ച് തുരത്തി. ജമ്മുവിലെ കലൂചക് സൈനിക കേന്ദ്രത്തിനു സമീപത്താണ് രാത്രി 11.30ന് ആദ്യ ഡ്രോണ്‍ കാണപ്പെട്ടത്.
ബ്രിഗേഡ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതാണ് ശ്രദ്ധയില്‍പെട്ടത്. ഉടനെ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ക്വിക്ക് റിയാക്‌ഷന്‍ ടീം ഡ്രോണിനു നേരെ വെടിവയ്ക്കുകയും ചെയ്തു. 1.30ഓടെ എത്തിയ രണ്ടാമത്തെ ഡ്രോണിനു നേരെയും വെടിവച്ചു. ഇതോടെ ഡ്രോണുകള്‍ പറന്നകന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
സേനയുടെ ജാഗ്രതമൂലം വന്‍ ഭീഷണി ഒഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണെന്നും തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഞായറാഴ്ചയാണ് വ്യോമതാവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ആറു മിനിറ്റ് ഇടവിട്ട് രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്നു ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. രാജ്യത്ത് സേനാ താവളങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തിയ പാക്ക് ഭീകരരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.